കൊച്ചീല് റോഡ് സൈഡില്‍ ഒരു പത്ത് സെന്റ് സ്ഥലവും വീടും ..എന്റെ കിടിലം സ്വപ്നങ്ങളിലൊന്നാണ്.
എന്തിനാണപ്പാ റോഡ് സൈഡില്‍?
“അതേ വല്ല ആശുപത്രിയിലും പോകണെല്‍ വണ്ടി കാത്ത് നില്‍ക്കണ്ടല്ലോ. ഹാര്‍ട്ടറ്റാക്ക് വന്നാല്‍ പെട്ടെന്ന് ആശൂത്രിലെത്തിയ്ക്കാമെടേയ്..“
അതേ..ഹാര്‍ട്ടറ്റാക്ക് വരുകേം ചെയ്യുമെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നതോ?
വഴിയോരത്ത് താമസിയ്ക്കുന്നവരില്‍ ഹൃദയ ധമനീ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലത്രേ..
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പണ്ട് പ്രസിദ്ധീകരിച്ച ചില പഠനങ്ങള്‍ പറയുന്നത് 36 അമേരിയ്ക്കന്‍ പട്ടണങ്ങളിലെ സ്ത്രീകള്‍ക്ക് ഹൃദയരോഗങ്ങളുണ്ടാകാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ കൂടുതലെന്നാണ്. അവര്‍ ശ്വസിയ്ക്കുന്ന വായുവില്‍ 2.5 മൈക്രോമീറ്ററില്‍ താഴെയുള്ള കണികകള്‍ വളരെ കൂടുതലായതിനാലാണ് അതെന്നായിരുന്നു ഗവേഷകര്‍ പറഞ്ഞത്. കാറുകള്‍ പുറത്ത് വിടുന്ന പുകയില്‍ ഇത്തരം കണികകള്‍ ധാരാളമുണ്ടെന്നേയ്... (നമുക്കതിനെ രണ്ടരക്കണം (PM2.5 എന്ന് ഗവേഷണ പടുക്കള്‍) സിമ്പ്ലീകരിച്ച് വിളിക്കാല്ലോ...ല്ലേ)
ഇത്തരം കണികകള്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുമെന്നും കുട്ടികളിലെ ശ്വാസകോശ വളര്‍ച്ചയെ ദോഷകരമായി ബാധിയ്ക്കുമെന്നും നേരത്തേ അറിവുണ്ടായിരുന്നു.
ഇതൊക്കെ പണ്ട് പറഞ്ഞത് തന്നെയല്ലേ എന്നു പറഞ്ഞുവരുവാണോ? രണ്ടരക്കണത്തിനെ അരിച്ചിട്ടാണെടെയ് ഞങ്ങളുടെ കാറെല്ലാം ഓട്ടിയ്ക്കണത്. പുത്തന്‍ യൂറോ എമിഷന്‍ നിയമങ്ങളെല്ലാം ഞങ്ങള്‍ പാലിയ്ക്കണൊണ്ട് എന്നാണോ.?? നില്ല് നില്ല്, അതിനേക്കാള്‍ ചെറിയ കണികകളും ഹൃദയ ധമനികളുടെ ഭിത്തിയില്‍ പ്ലേക്കുണ്ടാക്കാന്‍ സഹായിയ്ക്കുമത്രേ.ഇപ്പം ഗവേഷികള്‍ പറയുന്നത് 0.18 മൈക്രോമീറ്റര്‍ വലിപ്പമുള്ള കുഞ്ഞന്മാര്‍ വരെ (ഇത്തിരിക്കുഞ്ഞന്‍ കണികയെന്ന് നമ്മളും ultrafine particles എന്ന് ഗവേഷകരും വിളിയ്ക്കട്ടെ) എലികളുടെ ഹൃദയധമനീ ഭിത്തിയില്‍ കൊഴുപ്പിനെ അടിച്ച് കൂട്ടി പ്ലേക്കുണ്ടാക്കുമെന്നും നല്ല കൊളസ്ട്ട്രോളിനെ വരെ രാസപരമായി മാറ്റം വരുത്തി പ്രശ്നക്കാരനാക്കുമെന്നുമാണ്.
വലിയ കണികകളേക്കാള്‍ പ്രശ്നക്കാരനാണ് രണ്ടരക്കണങ്ങളെന്ന് നേരത്തേ അറിയാമായിരുന്നു. ഇപ്പം പറയുന്നത് രണ്ടരക്കണത്തേക്കാളും ഭീകരന്മാരെന്നാണ് ചെറിയ ഇത്തിരിക്കുഞ്ഞന്മാര്‍ എന്നാണ്.കണികകളുടെ വലിപ്പം കുറഞ്ഞ് വരുന്തോറും ഭയങ്കരന്മാരായി വരുകയും ചെയ്യും. ഒപ്പം തന്നെ അവന്മാരെ പുകയില്‍ നിന്ന് അരിച്ച് മാറ്റാന്‍ പറ്റാതാവുകയും ചെയ്യുന്നു.
കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയിലെ അന്‍ഡ്രേ നെലും കൂട്ടരുമാണ് ഇതേപറ്റി ഗവേഷണം നടത്തിയത്. അളിയന്മാര്‍ അതിനായി ഒരു മൊബൈല്‍ ലബോറട്ടറിയിക്കെ സെറ്റപ്പാക്കി ലോസാഞ്ചലസിലെ തിരക്കേറിയ ഹൈവേ110ന്റെ അരികില്‍ നിര്‍ത്തിയിട്ടു. അഞ്ച് മാസം എലികള്‍ പുക തന്നെ ശ്വസിച്ചു. മൂന്നു ബാച്ച് എലികളുണ്ടായിരുന്നു.ഒന്നില്‍ ഒരുമാതിരി എല്ലാ കണികകളേയും അരിച്ചെടുത്ത് ശുദ്ധവായു ശ്വസിയ്ക്കാന്‍ നല്‍കി. രണ്ടാമത്തതില്‍ ഇത്തിരിക്കുഞ്ഞന്‍ കണികകള്‍ ഉള്ള വായു ശ്വസിയ്ക്കാന്‍ കൊടുത്തു. മൂന്നാമത്തതില്‍ രണ്ടാരക്കണങ്ങള്‍ അടങ്ങിയ വായുവും നല്‍കി.
പരിശോധിച്ചപ്പോഴോ?രണ്ടരക്കണങ്ങള്‍ അടങ്ങിയ വയു ശ്വസിച്ച എലികളുടെ ധമനികളില്‍ ശുദ്ധവായു ശ്വസിച്ചവയേക്കാള്‍ 25 ശതമാനം കൂടുതല്‍ പ്ലാക്കുണ്ടായിരുന്നു. ഇത്തിരിക്കുഞ്ഞന്മാരെ ശ്വസിച്ചവയിലോ 55 ശതമാനം അധികം പ്ലെക്കുണ്ടായിരുന്നു.
മാത്രമല്ല ഇത്തിരിക്കുഞ്ഞന്മാരെ ശ്വസിച്ച എലികളുടെ ശരീരത്തിലെ നല്ല കൊളസ്റ്റ്രോളിന് (HDL Cholestrol) ധമനികളിലെ ഓക്സീകരണം വഴിയുണ്ടാകുന്ന കേടുപാടുകള്‍ നന്നാക്കാനുള്ള കഴിവ് വളരെ കുറവാണെന്നും കണ്ടെത്തി. ദിവസവും ഇത്തരം കേടുപാടുകള്‍ ശരീരത്തിലുണ്ടാകുന്നുണ്ട്. അത് റിപ്പയര്‍ ചെയ്യുന്നത് കൊണ്ടാണ് മാരകമാവാത്തത്. ഇത്തിരിക്കുഞ്ഞന്മാരില്‍, ഇന്ധനം കത്തുന്നതുകൊണ്ടുണ്ടാകുന്ന പോളി അരൊമറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ പുരണ്ടിരിയ്ക്കുമെന്നും ആ ഹൈഡ്രോകാര്‍ബണുകള്‍ നല്ല കൊളസ്റ്റ്രോളിനെ ഓക്സീകരിച്ച് ഗുണ്മില്ലാത്തതാക്കിത്തീര്‍ക്കുമെന്നുമാണ് നെല്‍ പറയുന്നത്.
ഇത്തിരിക്കുഞ്ഞന്മാരെ മൊത്തത്തിലെടുത്താല്‍ അവയുടെ പ്രതലവിസ്തീര്‍ണ്ണം രണ്ടരക്കണങ്ങളേക്കാള്‍ ഒത്തിരി കൂടുതലായിരിയ്ക്കുമെന്നും അതുകൊണ്ട് തന്നെ അതിന്മേല്‍ പുരണ്ട് ശരീരത്തിലെത്തുന്ന (പോളീ അരൊമറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ പോലെയുള്ള) കലകളെ നശിപ്പിയ്ക്കുന്ന രാസവസ്തുക്കളുടെ അളവ് കൂടുതലായിരിയ്ക്കുമെന്നും നെല്‍ പറയുന്നു. ചെറുതായതിനാല്‍ ശ്വാസകോശത്തിലേയ്ക്ക് കൂടുതല്‍ തുരന്നിറങ്ങാനും രക്തഭമനികളിലേയ്ക്കെത്താനുമുള്ള സാധ്യതയും അവയില്‍ കൂടുതലായിരിയ്ക്കും.
മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇത്തിരിക്കുഞ്ഞന്മാര്‍ക്ക് രക്തചംക്രമണ വ്യവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ നടത്തിയ അത്തരം പഠനങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അബര്‍ഡീന്‍ യൂണിവേഴ്സിറ്റിയിലെ ജോന്‍ ഐരെസ് പറയുന്നു.
എന്നുപറഞ്ഞ് അത്രയ്ക്കങ്ങ്ട് പേടിയ്ക്കണ്ട കാര്യമൊന്നുമില്ലെന്ന് മറ്റുചില ശാസ്ത്രജ്ഞര്‍ പറയുന്നു.
എലികളില്‍ നടന്നതൊന്നും മനുഷ്യരില്‍ നടക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ. മാത്രമല്ല എലികള്‍ക്ക് ശ്വസിയ്ക്കാന്‍ നല്‍കിയ വായുവില്‍ സാധാരണ വായുവിലേക്കാള്‍ ഏതാണ്ട് എട്ടിരട്ടി ഇത്തിരിക്കുഞ്ഞന്മാര്‍ അടങ്ങിയിരിയ്ക്കുന്നു. ആ എലികളെ ജനിതകപരമായിത്തന്നെ ധമനികളില്‍ പ്ലേക്ക് ഉണ്ടാകാനുള്ള രീതിയില്‍ സൃഷ്ടിച്ചെടുത്തതാണ്. അതുകൊണ്ട് ഇത്തിരിക്കുഞ്ഞന്മാര്‍ എലികളില്‍ കണ്ട പോലെ മനുഷ്യരില്‍ പ്രവര്‍ത്തിയ്ക്കുമോ എന്ന് ഉറപ്പിച്ചങ്ങോട്ട് പറയാന്‍ കുറേക്കൂടി ഗവേഷിയ്ക്കണമെന്നാണ് അവരുടെ അഭിപ്രായം.
പക്ഷേ ലോസെഞ്ചലസിലെ സ്ത്രീകളുടെ ധമനീഭിത്തികള്‍ സാധാരണയിലും തടിച്ചതായിരുന്നെന്ന് ഇപ്പൊത്തന്നെ തെളിയിച്ചിട്ടുണ്ട്.(ശ്വസിയ്ക്കുന്ന വായുവില്‍ രണ്ടരക്കണങ്ങള്‍ കൂടുതലായതു കാരണമായിരുന്നു അത്) ധമനീഭിത്തികള്‍ കട്ടിയാകുന്നത് അതെറോസ്ക്ലീറോസിസിസിന്റെ ഒരു ലക്ഷണമായാണ് എണ്ണിവരുന്നത്.
ഈ ഇത്തിരിക്കുഞ്ഞന്മാരെ സാധാരണ മാസ്കുകള്‍ വച്ചൊന്നും അരിച്ചെടുക്കാന്‍ പറ്റില്ലെന്നതും വലിയൊരു പ്രശ്നമാണ്...യൂറോപ്പിലെ ചില കാറുണ്ടാക്കുന്ന കമ്പനികള്‍ ചില സ്ഥിതവൈദ്യുത സൂത്രങ്ങള്‍ വച്ച് അവയെ അടിയിച്ചെടുക്കാന്‍ നോക്കുന്നുണ്ട് എന്നത് ആശ നല്കുന്നുണ്ട്..
എന്തരണ്ണാ പ്യേടിച്ച് പോയാ..പ്യേടിയ്ക്കണ്ടാ..നമ്മള് മലയാളികള്‍ക്ക് കൊച്ചീലും തിരുവന്തോരത്തുമൊന്നും താമയിക്കണവന് ഇതൊന്നും ബാധകമാവൂല്ല. ഈ അസുഖങ്ങളൊന്നും നമ്മക്ക് വരൂല്ല. വണ്ടീന്ന് വരണ കറത്ത വെഷപ്പൊക വലിച്ച് കയറ്റി ഇതൊക്കെ വരണതിനു മുന്നേ തന്നെ വല്ല മാറാദീനവും വന്ന് നമ്മള് തട്ടിപ്പൊക്കോളും. പിന്നെ എന്തര് പീയെം ഇരുപത്തഞ്ച്, യെന്തര് അള്‍ട്രാഫൈന്‍ പാര്‍ട്ടിക്കിള്...ഹല്ല പിന്നെ...മുടികള് നരക്കൂല്ലെന്ന്.
എന്നിട്ടും ചത്തില്ലേല്‍ ഹരികുമാറിന്റേത് പോലുള്ള നാല് വിമര്‍ശനബ്ലോഗ് വായിച്ചാല്‍ മതി. എവിടെങ്കിലും പോയി ആത്മഹത്യ ചെയ്തോളും.
അത് പോട്ട് അപ്പം കൊച്ചീല് റോഡ് സൈഡ്‌വാരം പത്ത് സെന്റും അതേലൊരു നല്ല വെന്റിലേഷമൊക്കെയുള്ള കിടിലന്‍ വീടും.. അതാണെന്റെ സ്വപ്‌നം...നരകിച്ച് ചാവണ്ടല്ല്..പെട്ടെന്നങ്ങ് വിളിച്ചോളും.
(ന്യൂ സയന്റിസ്റ്റ് വാരിക ഇരുപത്താറ് ജനുവരി രണ്ടായിരത്തെട്ടിലെ പേജ് നമ്പര്‍ യെട്ട് ഒമ്പത് അതേപടി മലയാളത്തില്‍ വളിപ്പ് ചേര്‍ത്തെഴുതിവച്ചത്. )
(പടങ്ങള്‍ ഞാനെടുത്തത് തന്നെ.സമിശയിക്കരുത്.ഒന്നാം പടം ഹരിദ്വാര്‍., രണ്ടാം പടം ബിടെ വോള്‍വര്‍ഹാംറ്റണ്‍)
ലിങ്കുകള്‍:
മുന്‍വായന
ദേവേട്ടന്‍ വക കിടിലം ഇണ്ട്രോഡുഷന്‍1
ദേവേട്ടന്‍2
ദേവേട്ടന്‍3
ദേവേട്ടന്‍ 4
ഹൃദയധമനീ രോഗങ്ങള്‍
മേല്‍പ്പറഞ്ഞത് തന്നെ
ടി കാര്യം വിക്കിയില്‍
പിന്‍ വായന
ഒന്നേ , രണ്ടേ , മൂന്നേ , നാലേ ,അഞ്ചേ ,ആറേ ,യേഴേ
വായിച്ചത് മതിയണ്ണാ..കമന്റിടൂ..
Showing posts with label വൈദ്യം. Show all posts
Showing posts with label വൈദ്യം. Show all posts
Sunday, 10 February 2008
Subscribe to:
Posts (Atom)